പയ്യന്നൂര്‍ കൊലപാതകം ; മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷബഹളം

തിരുവനന്തപുരം: പയ്യന്നൂരിലെ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ജനാധിപത്യ സമൂഹത്തിന് ചേരാത്ത നടപടിയാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നതെന്നും ഇത് ഫാസിസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി നേതാക്കളില്‍ നിന്നും ലഭിച്ച പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം അടിയന്തരപ്രമേയമായി സഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷ അംഗം കെ.സി.ജോസഫ് സര്‍ക്കാരിനും സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഗവര്‍ണര്‍ ബിജെപിയുടെ കൂലിവേലക്കാരനാണോ എന്ന് അദ്ദേഹം ചോദിച്ചു.

ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്നും കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കുറ്റസമ്മതമാണ്. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ പരോക്ഷമായ തെളിവാണെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.

പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് ജില്ലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജില്ലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ അഫ്‌സപ നിയമം നടപ്പാക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടിനോട് സര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. അഫ്‌സപയോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുന്നില്ല. കേന്ദ്ര ഭരണം കൈയിലുണ്ടെന്ന് കരുതിയാണ് പട്ടാളത്തെ ഇറക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നത്. പയ്യന്നൂര്‍ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top