പേടിഎം വഴി വായ്പയും

കൊച്ചി: ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം മണി ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് വായ്പയും ലഭിക്കും. നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ട് വിതരണക്കാരന്‍ എന്ന നിലയില്‍ ഉപഭോക്താക്കളുടെ ഹ്രസ്വകാല ആവശ്യങ്ങള്‍ അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത ചെലവുകള്‍ കൈകാര്യം ചെയ്യുക എന്നതിനാണ് പേടിഎം മണി മുന്‍ഗണന നല്‍കുന്നത്. അതിനാലാണ് മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍ എന്നിവയ്ക്കെതിരെ വായ്പ സൗകര്യം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ വ്യക്തമാക്കി.

നിക്ഷേപകര്‍ തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് വിഹിതം സ്റ്റോക്ക് ട്രേഡിംഗിലേക്ക് മാറ്റുന്ന പ്രവണതയാണ് ഇപ്പോള്‍ കൂടുതലായും കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 2017 സെപ്റ്റംബറിലാണ് പേടിഎം മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമും ഉപഭോക്താക്കള്‍ക്കായി നേരിട്ടുള്ള സ്റ്റോക്ക് ട്രേഡിംഗും ആരംഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപമാണ് പ്ലാറ്റ്‌ഫോം വഴി ലഭിച്ചതെന്നാണ് കമ്പനി അറിയിച്ചത്.

സാധാരണയായി രാജ്യത്തെ മിക്ക ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും എന്‍ബിഎഫ്സികളുമായി ചേര്‍ന്ന് ഇത്തരം വായ്പ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് നേരിട്ട് വായ്പ നല്‍കാന്‍ സാധ്യമല്ല. അതേസമയം ചില ബാങ്കുകള്‍ അവരുടെ പരമ്പരാഗത ഓഫ്ലൈന്‍ വായ്പയ്ക്ക് അനുബന്ധമായി മ്യൂച്വല്‍ ഫണ്ടുകള്‍ക്കെതിരെ ഓണ്‍ലൈന്‍ വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്.

Top