നഷ്ടത്തിലേക്ക് കൂപ്പുകുത്തി പേടിഎം; മൂല്യം 55,000 കോടിയിലേക്ക് താഴ്ന്നു

ന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനവും, ഇ-കൊമേഴ്‌സ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ പേടിഎമ്മിന്റെ ഓഹരിയില്‍ വന്‍ ഇടിവ്. കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരിയില്‍ രണ്ടു ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,961 രൂപ വരെയുണ്ടായിരുന്ന ഓഹരി 837.55 എന്ന നിലയിലേക്കാണ് താഴ്ന്നത്. അതായത് 50 ശതമാനത്തില്‍ അധികം താഴ്ന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തിലും വന്‍ ഇടിവ് നേരിട്ടു. വിപണിമൂല്യം 55,000 കോടിയിലേക്ക് താഴ്ന്നു. ഉച്ചയ്ക്ക് ശേഷം നേരിയ ഉയര്‍ച്ചയും ഓഹരിയില്‍ ഉണ്ടായിട്ടുണ്ട്.

2021 നവംബര്‍ 18നാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് ശരാശരി 128 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം 998 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരിയാണ് വിജയ് ശേഖര്‍ ശര്‍മ്മക്ക് കമ്പനിയിലുള്ളത്.

ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ ആന്റ് ഗ്രൂപ്പാണ് പേടിഎമ്മിലെ ഏറ്റവും വലിയ പങ്കാളികള്‍. ഏകദേശം 25 ശതമാനം ഓഹരികളാണ് ഇവരുടെ കൈവശമുള്ളത്. വിഖ്യാത നിക്ഷേപകന്‍ വാറന്‍ ബഫറ്റിനും പേടിഎമ്മില്‍ നിക്ഷേപമുണ്ട്. ഇ പേമെന്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് വിപണിയില്‍ നേരത്തെ എതിരാളികള്‍ ഇല്ലാതിരുന്ന കമ്പനിയായിരുന്നു പേടിഎം. നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയ ഫിന്‍ടെക് കമ്പനികളില്‍ നിന്ന് കടുത്ത മത്സരമാണ് പേടിഎം നേരിടുന്നത്.

 

Top