പയ്യോളി ഗവൺമെൻറ് സ്‌കൂളിന് ഇനി തിക്കോടിയന്റെ പേര്

കോഴിക്കോട്: പയ്യോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇനി അറിയപ്പെടുക തിക്കോടിയന്റെ പേരിൽ. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയെന്ന് സ്‌കൂളിന് പുനർ നാമകരണം ചെയ്തു. പിടിഎ നൽകിയ ശുപാർശ വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചതോടെയാണ് സ്‌കൂളിന് പുതിയ പേരായത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവെത്തി. കെഇആറിലെ ചട്ടം 5 അനുസരിച്ചാണ് നടപടി. പുതിയ പേരിലുള്ള ബോ‍ഡ് സ്കൂളിൽ ഉടനെ സ്ഥാപിക്കും.

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിക്കോടിയൻ എന്ന് അറിയപ്പെടുന്ന പി. കുഞ്ഞനന്തൻ നായർ. തിക്കോടി എന്ന സ്ഥല പേര് ചേർത്താണ് അദ്ദേഹത്തിന്റെ തൂലികാ നാമം. തിക്കോടി ഉൾപ്പെടുന്ന പ്രദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് പയ്യോളി ഗവ വിഎച്എസ്എസ്.

അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കോടിയൻ. ആകാശവാണിക്കുവേണ്ടി രചിച്ച നാടകങ്ങൾ റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Top