ഫ്രാന്‍സില്‍ ഇനി യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണയിലെത്തി

ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും ധാരണയിലെത്തി. ഉടന്‍ തന്നെ ഈഫല്‍ ടവറില്‍ നിന്ന് ഇതിന് തുടക്കമാകും. ഫ്രാന്‍സിലെ ഇന്ത്യക്കാര്‍ക്ക് ഉടന്‍ തന്നെ യുപിഐ സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നും, യുപിഐ സംവിധാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഫ്രാന്‍സും ധാരണയിലെത്തിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഫ്രാന്‍സില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു. പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ഫ്രാന്‍സില്‍ യുപിഐ സംവിധാനം ആരംഭിക്കുന്നത് വലിയ സാധ്യതകളാണ് തുറന്നിടുക. ഫ്രാന്‍സില്‍ ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണം ചെലവഴിക്കാന്‍ സാധിക്കും. ഫോറിന്‍ എക്സ്ചേഞ്ച് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് വഴിയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതുവഴി കഴിയും. കൂടാതെ കൈയില്‍ പണം കരുതേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. 2022ല്‍ ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പു വെച്ചിരുന്നു. നിലവില്‍ സിംഗപ്പൂരില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ വര്‍ഷമാണ് യുപിഐയും സിംഗപ്പൂരിന്റെ പേനൗവുമായി കരാര്‍ ഒപ്പിട്ടത്. ഇതുവഴി ഇരുരാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് പരസ്പരം പണമിടപാടുകള്‍ നടത്താനുള്ള സാഹചര്യമാണ് സാധ്യമായത്.

Top