payment seat issue in Nilambur cpm

cpm

മലപ്പുറം: നിലമ്പൂരില്‍ സി.പി.എമ്മില്‍ പേയ്‌മെന്റ് സീറ്റ് വിവാദം. ഒതായിയിലെ മുതലാളിക്ക് 50 ലക്ഷത്തിന് സീറ്റ് വില്‍പന നടത്തി എന്ന് ആരോപിച്ച് സേവ് സി.പി.എം എന്ന പേരില്‍ നഗരത്തില്‍ പോസ്റ്റര്‍ പ്രചരിച്ചു. ടൗണിലും ബസ്റ്റാന്റ് പരിസരങ്ങളിലുമാണ് ഇന്നലെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ഒതായിയിലെ മുതലാളിക്ക് 50 ലക്ഷത്തിന് സീറ്റ് വിറ്റ നിലമ്പൂരിലെ സിപി.എം മുതലാളിമാര്‍. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് 10ലക്ഷം ഓഫര്‍ എന്നാണ് പോസ്റ്റര്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ ഒതായിയിലെ പി.വി അന്‍വറിനെ നിലമ്പൂരില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് നിലമ്പൂര്‍ ഏരിയാ കമ്മിറ്റിക്കുള്ളത്.

ഏറനാട്ടില്‍ ലീഗ് നേതാവ് പി.കെ ബഷീര്‍ 11246 വോട്ട് നേടി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനം അന്‍വറിനായിരുന്നു. ബി.ജെ.പിക്കും പിറകില്‍ കേവലം 2700 വോട്ടുമാത്രമാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി അഷറഫലി കാളിയത്തിനു ലഭിച്ചത്.

അതേസമയം കഴിഞ്ഞ തവണ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ ഭൂരിപക്ഷം 5598 വോട്ടാക്കി കുറച്ച തോമസ് മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എടക്കര ഏരിയാ കമ്മിറ്റിയുടെ നിലപാട്. നിലമ്പൂരില്‍ സി.പി.എം വിമതരുമായി തോമസ് മാത്യുവിന്റെ ഇടപെടലില്‍ എടക്കര ഏരിയാ കമ്മിറ്റി ഓഫീസില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. വിമതന്‍മാരെ മറ്റു പാര്‍ട്ടികളില്‍ പോകാതെ ഇടതുപക്ഷത്തെ ഘടകകക്ഷിയായ സി.പി.ഐയില്‍ എടുത്തതിനു പിന്നിലും തോമസ് മാത്യുവിന്റെ ഇടപെടലുണ്ടായിരുന്നു.

സി.പി.എം സംസ്ഥാന നേതൃത്വവുമായി നല്ല ബന്ധമുള്ള പി.വി അന്‍വര്‍ പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച പാര്‍ട്ടി പത്രത്തിന്റെ ഒന്നാം പേജില്‍ സ്വന്തം പടം സഹിതം പരസ്യവും നല്‍കിയിരുന്നു. നിലമ്പൂരിലെ പാര്‍ട്ടി പരിപാടികള്‍ക്ക് കൈയ്യയച്ച് സംഭാവന നല്‍കുന്നതിലും ഈ ‘മുതലാളി’ പിശക് കാണിച്ചിരുന്നില്ല.

ധീരരക്തസാക്ഷി സഖാവ് കുഞ്ഞാലി എം.എല്‍.എയായി വിജയിച്ച പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തുടര്‍ച്ചയായി സ്വതന്ത്രരെ പരീക്ഷിക്കുന്നതില്‍ അണികള്‍ക്കിടയിലും അസംതൃപ്തിയുണ്ട്.

1987ല്‍ ദേവദാസ് പൊറ്റേക്കാടിനു ശേഷം 2006ല്‍ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായിരുന്ന പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂരില്‍ സി.പി.എം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. ദേവദാസ് പൊറ്റേക്കാട് 10333 വോട്ടിനും ശ്രീരാമകൃഷ്ണന്‍ 18070 വോട്ടിനുമാണ് ആര്യാടനോട് പരാജയപ്പെട്ടത്. ഇതോടെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി വീണ്ടും സ്വതന്ത്ര പരീക്ഷണം തുടര്‍ന്നത്.

Top