അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയാക്കാന്‍ സാധിക്കില്ല; അവശ്യ സൗകര്യങ്ങള്‍ ഒരുക്കും

പായിപ്പാട്: ഡല്‍ഹിയിലും മറ്റും തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സൗകര്യമൊരുക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞാണ് ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു. തങ്ങള്‍ക്കും അപ്രകാരം നാട്ടിലേയ്ക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവരെ എവിടേയ്ക്കും പറഞ്ഞയയ്ക്കാന്‍ സാധിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

നിലവില്‍ കഴിയുന്ന സ്ഥലത്ത് സ്ഥലപരിമിതിയുണ്ടെങ്കില്‍ അവരെ താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ അവര്‍ അത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് തൊഴിലാളികള്‍ പറഞ്ഞിരുന്നത്. അവര്‍ക്ക് ഭക്ഷണമുണ്ടാക്കാനുള്ള സാധനം കിട്ടിയാല്‍ മതിയെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ അത് എത്തിച്ചു നല്‍കുന്നുമുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതിഥി തൊളിലാളികളുടെ ഭക്ഷണം, താമസിക്കാനുള്ള സൗകര്യം തുടങ്ങിയ എല്ലാ ആവശ്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതെല്ലാം ചെയ്യുന്നുണ്ട്. പഞ്ചായത്തും റവന്യൂ വകുപ്പും അതിനുള്ള നടപടകള്‍ സ്വീകരിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

അതിഥി തൊഴിലാളികളുടെ അവശ്യങ്ങള്‍ നടപ്പിലാക്കി കൊടുക്കുന്നതില്‍ ആരെങ്കിലും എതിരു നില്‍ക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. വീട്ടുടമകളാണെങ്കിലും കോണ്‍ട്രാക്ടര്‍മാരാണെങ്കിലും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

Top