ലോക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം; പായിപ്പാട് ഒരു അതിഥി തൊഴിലാളി കസ്റ്റഡിയില്‍

ചങ്ങനാശ്ശേരി: പായിപ്പാട് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തു എന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആളുകള്‍ കൂട്ടമായി എത്താന്‍ ഇയാള്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേര്‍ ലോക്ഡൗണ്‍ ലംഘനം ആസൂത്രണം ചെയ്തതില്‍ പങ്കാളികളായിട്ടുണ്ടോ എന്നും വ്യക്തമാകും.ആയിരത്തോളം അതിഥി തൊഴിലാളികളെ ലോക്ഡൗണ്‍ ലംഘിപ്പിച്ച് പ്രതിഷേധത്തിനെത്തിച്ചതില്‍ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പൊലീസ്
അന്വേഷിച്ചുവരുകയാണ്.

അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തില്‍ പായിപ്പാട് മേഖലയില്‍ കര്‍ശന പൊലീസ് നിരീക്ഷണം തുടരുകയാണ്.

250 ലധികം ക്യാമ്പുകളിലായി നാലായിരത്തോളം അതിഥി തൊഴിലാളികളാണ് പായിപ്പാടുള്ളത്.മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്.

അതേസമയം നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനിലേക്ക് എത്തുവെന്ന വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലടക്കം വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Top