ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; കോട്ടയത്ത് ബാറിന് മുന്നില്‍ കൂട്ടയടി

കോട്ടയം: ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് ബാറിന് മുന്നില്‍ കൂട്ടയടി. ജീവനക്കാരും ബാറില്‍ എത്തിയവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. നാട്ടുകാരും പൊലീസും നോക്കി നില്‍ക്കെ കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

രണ്ട് മണിക്കൂറിലേറെ നീണ്ട സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ചശേഷം ഗൂഗിള്‍പേ വഴി പണമടയ്ക്കണമെന്ന് പറഞ്ഞത് ബാര്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജിവനക്കാരും മദ്യപസംഘവും വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി. ഇതോടെ മദ്യപിക്കാനെത്തിയവര്‍ പുറത്തുനിന്ന് കുടുതല്‍ ആളുകളെ വിളിച്ചുവരുത്തി. പിന്നീട് ബാറിനുള്ളില്‍ മദ്യപിക്കാനെത്തിയവരും ജിവനക്കാരുമായി പൊതിരെ തല്ലായി. ബാറിനുള്ളില്‍ തുടങ്ങിയ അടി ദേശീയപാതയിലേക്കെത്തിയതോടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സംഘര്‍ഷംകണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. അടികൊണ്ട് ഇരുകൂട്ടത്തിലുംപെട്ടവര്‍ ചിതറിയോടി. അടിയേറ്റ രണ്ടുപേര്‍ വഴിയില്‍ വീണു. വിവരമറിഞ്ഞ് മണര്‍കാട് എസ്‌ഐ ഷമീര്‍ ഖാന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

അടികൊണ്ട് വഴിയില്‍കിടന്ന ഒരാളെ പൊലീസ് ആശുപത്രിയിലാക്കി. മറ്റേയാളെ കൂടെയുണ്ടായിരുന്നവര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. രാത്രി പതിനൊന്നരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ബാറിനു മുന്നിലെത്തിയ മദ്യപസംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ബാറില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേശിയ പാതയില്‍ വീണ് പൊട്ടിച്ചിതറി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു.

സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആര്‍ക്കും പരാതിയും പരിക്കും ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് എടുക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Top