നെഹ്റു കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്; നടി പായല്‍ റോഹത്ഗി ജയിലില്‍

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായ നടി പായല്‍ റോഹത്ഗിയെ എട്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജസ്ഥാനിലെ ജയ്പൂരിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെഹ്‌റുഗാന്ധി കുടുംബത്തെ അപമാനിക്കുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ അഹമ്മദാബാദിലായിരുന്ന പായലിനെ ഇവിടെ എത്തിച്ച ശേഷമാണ് അറസ്റ്റ് നടന്നത്.

രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചര്‍മേഷ് ശര്‍മ്മയാണ് പായല്‍ റോഹത്ത്ഗിക്ക് എതിരെ പരാതി നല്‍കിയത്. നെഹ്‌റുഗാന്ധി കുടുംബത്തിനെതിരെ മോശവും, വിവാദം സൃഷ്ടിക്കുന്നതുമായ വിവരങ്ങളാണ് നടി ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരെ മോശക്കാരായി ചിത്രീകരിക്കാന്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറഞ്ഞു. അശ്ലീലവും, വനിതകളുടെ മാന്യതയെ ഹനിക്കുന്നതുമായ വിവരങ്ങളും റോഹത്ത്ഗി ഉപയോഗിച്ചു. സമാധാനം ഹനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് പായല്‍ റോഹത്ത്ഗിയെ അറസ്റ്റ് ചെയ്തത്. ഗുരുതരമായ കേസുകളാണ് രാജസ്ഥാന്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത്ര ഗുരുതരമായ സംഭവങ്ങളൊന്നും തന്റെ കക്ഷി ചെയ്തിട്ടില്ലെന്ന് പായല്‍ റോഹത്ത്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കലാണ് രാജസ്ഥാന്‍ പോലീസിന്റെ നടപടിയെന്ന് നടന്‍ സംഗ്രാം സിംഗ് ആരോപിച്ചു.

Top