Pay commission report

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനവരി അവസാനമോ ഫിബ്രവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം ലഭിക്കും. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധുമുട്ടുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര ജീവനക്കാരുടേതിന് തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളം 2000 മുതല്‍ 12000 വരെ കൂട്ടാനും പെന്‍ഷന്‍ പ്രായം 58 ആക്കാനും ശുപാര്‍ശയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ തുക 8500ഉം കൂടിയത് 60000 രൂപയുമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് അന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നതുമാണ്.

അതേസമയം റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയാവതരത്തിന് അനുമതി തേടിക്കൊണ്ട് എ.കെ ബാലന്‍ ആരോപിച്ചു. ശമ്പളമല്ല, ഭരണം പരിഷ്‌ക്കരിക്കുന്ന ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കുന്നത്. നേരത്തെ പാതയോരത്തെ പൊതുയോഗങ്ങള്‍ തടഞ്ഞ ജഡ്ജിയാണ് കമ്മീഷന്‍. അദ്ദേഹം ശ്രമിക്കുന്നത് ജീവനക്കാരെ വെല്ലുവിളിക്കാനാണ്. പരിഷ്‌ക്കരണം രണ്ട് ഘട്ടമായി നടപ്പിലാക്കുന്നത് ശരിയല്ല. രണ്ടാം ഘട്ടത്തെ ജീവനക്കാര്‍ ഭയക്കുകയാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി നേരത്തെ യു.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്ന കാലത്ത് ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ശമ്പള പരിഷ്‌ക്കരണവും അട്ടിമറിക്കാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും എ.കെ ബാലന്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 91 ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശമ്പളപരിഷ്‌ക്കരണത്തിന് അഞ്ച് വര്‍ഷം എന്ന നയം മാറ്റിവെച്ച് പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ ഫിബ്രവരി 26 നാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Top