Pay Commission Report; profit and loss

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ 23.55 ശതമാനം വര്‍ധനവാണ് ശമ്പളത്തില്‍ പ്രതീക്ഷിക്കുന്നത്. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ഒരു കോടിയിലേറെപേര്‍ക്ക് പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കും.

സര്‍ക്കാരിനാകട്ടെ, 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യതയാണ് ഇതുവഴിയുണ്ടാകുക. അതായത് അത്രയും തുക ജനങ്ങളിലെത്തുകയും രാജ്യത്തെ ക്രയവിക്രയം വര്‍ധിക്കുകയും ചെയ്യും.

2016 ജനവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ജനുവരി മുതലുള്ള കുടിശികതുക മൊത്തമായി ജനങ്ങളുടെ കൈവശമെത്തുന്നത് രാജ്യത്തെ ഉപഭോഗശേഷിയില്‍ പെട്ടെന്ന് വര്‍ധനവുണ്ടാക്കും. ഇത് സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഓഹരിയിലും ഓഹരി അധിഷ്ടിത പദ്ധതികളിലും കൂടുതല്‍ നിക്ഷേപമെത്താന്‍ ശമ്പള പരിഷ്‌കരണം സഹായകരമാകുമെന്നതിനാല്‍ രാജ്യത്തെ ഓഹരി വിപണിക്ക് ഇത് കരുത്തേകും.

ശമ്പളം വര്‍ധിക്കുന്നതോടെ ജനങ്ങളുടെ ഉപഭോഗശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നത് നേട്ടമാകുക, എഫ്എംസിജി, ഓട്ടോ കമ്പനികള്‍ക്കാണ്. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയ ഉടനെതന്നെ ബിഎസ്ഇ ഓട്ടോ സൂചിക 1.29 ശതമാനം ഉയര്‍ന്നത് ഇതിന് തെളിവാണ്.

ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതോടെ സര്‍ക്കാരിന് നേരിടേണ്ടിവരിക ധനകമ്മിയാണ്. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ധനകമ്മി ലക്ഷ്യത്തില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കുന്നു. അതേസമയം, അധിക ബാധ്യതയായ 1.02 ലക്ഷം കോടി കണ്ടെത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ പണപ്പെരുപ്പം ഉയരുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. രണ്ട് മാസമായി പണപ്പെരുപ്പനിരക്കുകള്‍ മുകളിലേയ്ക്കാണ്. 2017 മാര്‍ച്ചോടെ പണപ്പെരുപ്പ നിരക്കുകള്‍ അഞ്ച് ശതമാനത്തിലെത്തിക്കുകയെന്ന ആര്‍ബിഐയുടെ ലക്ഷ്യത്തിന് ഇതൊരുവെല്ലുവിളയായേക്കാം.

Top