കർണാടക മുഖ്യമന്ത്രിക്കെതിരെ ‘പേ സിഎം’ കാമ്പയിൻ; കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

ബെം​ഗ​ളു​രു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ ‘പേ സിഎം’ കാമ്പയിനുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ. കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സുർജെവാല, ബി കെ ഹരിപ്രസാദ്, പ്രിയങ്ക ഖാർ​ഗെ എന്നിവരാണ് അറസ്റ്റിലായത്. പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവർത്തികൾ നടക്കണമെങ്കിൽ സർക്കാർ ഉദ്യോ​ഗസ്ഥർക്കും ജനപ്രതിനിധികൾക്കും 40 ശതമാനം കമ്മീഷൻ നൽകണമെന്ന് ആക്ഷേപിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺ​ഗ്രസിന്റെ ‘പേ സിഎം’ കാമ്പയിൻ.

കാമ്പയിന്റെ ഭാ​ഗമായി ഇ വാലറ്റായ പേ ടിഎം മാതൃകയിലുളള പോസ്റ്റർ വിവിധയിടങ്ങളിൽ കോൺ​ഗ്രസ് പതിച്ചിരുന്നു. ബിജെപിയുടെ നെലമം​ഗലം ഓഫിസിലും പ്രതിപക്ഷം പോസ്റ്റർ പതിച്ചു. സംഭവത്തിൽ നേരത്തെ ചില കോൺ​ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെളളിയാഴ്ചയും പ്രതിപക്ഷം പോസ്റ്റർ പതിച്ചു.

ക്യൂആർ കോഡില്‍ ബസവരാജ് ബൊമ്മെയുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റർ. ’40 ശതമാനം ഇവിടെ സ്വീകരിക്കുന്നു’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എ​​ന്ന വെ​​ബ്​​​സൈ​​റ്റി​​ലേക്കെത്തും. സർക്കാരിന്റെ അഴിമതിക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാൻ കോൺ​ഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണിത്. സംഭവത്തിന് പിന്നാലെ പലയിടത്തു നിന്നും പോസ്റ്റർ നീക്കം ചെയ്തിരുന്നു.

 

Top