എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതിന് മോദി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി മോദി നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ അത്തരമൊരു സഖ്യത്തിന് താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറാത്തി ദിനപത്രമായ ‘ലോക്‌സത്ത’യുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ല്‍ ബിജെപിയുമായി എന്‍സിപി സഖ്യം ചേരുന്നുവെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് അജിത് പവാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്. അതിന് മുന്‍കൈയെടുത്തത് ശരദ് പവാറാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ആ സമയത്ത് തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളയാതുകൊണ്ട് ബിജെപി എന്‍സിപിയുമായി ഒരു സഖ്യമുണ്ടാക്കാന്‍ ആലോചിച്ചിരിക്കാം. താന്‍ മുന്‍കൈയെടുത്തിരുന്നുവെങ്കില്‍ അത്തരമൊരു സര്‍ക്കാര്‍ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാര്‍ ചോദിച്ചു.

അടുത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ മേധാവിത്വം ഉണ്ടാകില്ല. മോദിയുടെ നേതൃത്വത്തില്‍ നടത്തുന്ന റാലികളില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള മോദിയുടെ തീരുമാനം അന്ന് ബിജെപിക്ക് ഗുണം ചെയ്തു. ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്തിലെ ജനതയെ തന്റെ കൂടെ നിറുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, കഠിനാദ്ധ്വാനിയും ഭരണകാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. മോദിപ്രഭാവം കുറയുന്നുണ്ടെന്നും പവാര്‍ പറഞ്ഞു.

Top