തീയറ്ററുകളില്‍ ദേശീയ ഗാനം വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ല: പവന്‍ കല്യാണ്‍

ഹൈദരാബാദ്: ദേശീയ ഗാനം സിനിമ തീയറ്ററുകളില്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി നടപടിയെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്ത് അരങ്ങേറിയിരുന്നു. കോടതി നടപടിയെ അനുകൂലിച്ചും എതിര്‍ത്തും അനേകംപേര്‍ അക്കാലത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ തീയറ്ററില്‍ ദേശീയ ഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന കോടതി ഉത്തരവിനോട് തനിക്ക് യോജിപ്പുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജനസേന നേതാവ് പവന്‍ കല്യാണ്‍.

2016ല്‍ തീയറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം സുപ്രീംകോടതി നിര്‍ബന്ധമാക്കിയപ്പോള്‍ അത് ചോദ്യം ചെയ്തും പവന്‍ കല്യാണ്‍ രംഗത്ത് വന്നിരുന്നു.തീയറ്ററില്‍ ദേശീയ ഗാനം വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. കുടുംബസമേതവും സുഹൃത്തുക്കളുമായും സിനിമ കാണാന്‍ വരുന്നത് വിനോദത്തിന് വേണ്ടിയാണ്. ആ സമയം ഒരാളുടെ ദേശീയ തെളിയിക്കുന്നതിനാകരുതെന്നും പവന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചര്‍ച്ചകളും സമ്മേളനങ്ങളും തുടങ്ങുന്നതിന് മുമ്പ് എന്ത് കൊണ്ട് ദേശീയ ഗാനം ആലപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ ഉന്നത അധികാര കേന്ദ്രങ്ങളിലെല്ലാം ദേശീയ ഗാനം നിര്‍ബന്ധമാക്കണം. അങ്ങനെ ഒരു ഉദാഹരണം കാണിച്ച് മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ പവന്‍ കല്യാണ്‍ ചോദിച്ചു. 2016ല്‍ പവന്‍ കല്യാണ്‍ ഇതേ അഭിപ്രായം പറഞ്ഞതിന് ദേശീയ ഗാനത്തെ അപമാനിച്ചെന്ന് കാണിച്ച് പരാതികള്‍ വന്നിരുന്നു.

തീയറ്ററിലെ ദേശീയ ഗാനത്തെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി പിന്നീട് വിധിച്ചിരുന്നു. 2016നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്യുകയായിരുന്നു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.

Top