പവന്‍ ചുഴലിക്കാറ്റ് ; മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി : അറബിക്കടലില്‍ രൂപം കൊണ്ടിരിക്കുന്ന പവന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അടുത്ത ആറ് മണിക്കൂറോളം ചുഴലിക്കാറ്റിന്റെ തീവ്രത നിലനില്‍ക്കുകയും അതിനുശേഷം ശക്തികുറഞ്ഞു ന്യുനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കര്‍ണാടക തീരത്ത് ഇന്നും നാളെയും രണ്ട് മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ് മുതല്‍ ബിത്ര വരെയുള്ള ലക്ഷദ്വീപ് തീരത്ത് 2.3 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്.

തമിഴ്നാട്, പുതുച്ചേരി മേഖലയില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റ് വീശുമെന്നും
മുന്നറിയിപ്പുണ്ട്.

Top