പാവറട്ടി കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം: പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പോലീസ് ആരോപണ വിധേയമാകുന്ന കേസില്‍ പുറത്ത് നിന്നുള്ള ഏജന്‍സി അന്വഷിക്കണം എന്നുള്ളതാണ് കോടതിയുടെ സുപ്രധാനമായ നിര്‍ദേശം.

അതേസമയം പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തില്‍ രണ്ട് പേര്‍കൂടെ പോലീസ് പിടിയിലായിട്ടുണ്ട്. എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സ്മിപിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top