ആന്ധ്രയില്‍ സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണും സി.പി.എമ്മും ഒന്നിക്കുന്നു, പുതിയ ശക്തി !

വിശാഖപട്ടണം: ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും തെലുങ്കുദേശത്തിന്റെയും സകല കണക്കു കൂട്ടലുകളും തെറ്റിച്ച് ആന്ധ്ര ഭരണം പിടിക്കാന്‍ ചെങ്കൊടിയ്‌ക്കൊപ്പം സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍.

ഇന്ന് ആന്ധ്രയില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള താരമാണ് പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍.

ചിരഞ്ജീവിയുടെ സഹോദരനായ പവന്‍ ജനസേന എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയതോടെ ഇനി താന്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രചരണത്തിനിറങ്ങാന്‍ ഇല്ലെന്ന് ചിരഞ്ജീവി കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പവനുമായി കോണ്‍ഗ്രസ്സ് ധാരണയിലെത്തുകയാണെങ്കില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം.2019 ലോക് സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ആന്ധ്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

25 ലോക്സഭാ സീറ്റുകളും 175 നിയമസഭാസീറ്റുകളുമാണ് ആന്ധ്രയിലുള്ളത്. ഇത് കേന്ദ്രത്തിലെ ബലപരീക്ഷണത്തിന് ബി.ജെ.പിക്കും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാണ്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മറ്റ് പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ് പവന്‍. ചെങ്കൊടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം ഇവരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.

പവന്‍ കല്യാണ്‍ തെലുങ്കാന രാഷ്ട്രീയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത വ്യക്തിത്വമാണെന്ന് തെളിയിക്കുന്നതാണ് വിവിധ ഇടങ്ങളില്‍ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത. വൃക്കരോഗ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാര സമരത്തിനും തയ്യാറായി. 2014ലാണ് അദ്ദേഹം ജനസേന പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് നിന്ന് വിട്ട് നിന്നെങ്കിലും ബിജെപി-ടിഡിപി സഖ്യത്തെ പിന്തുണച്ചിരുന്നു.

WhatsApp Image 2018-08-24 at 3.55.28 PM (1)

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി യുമായി സഖ്യമുണ്ടാക്കിയതിനേക്കാള്‍ സൂപ്പര്‍ സ്റ്റാറിന്റെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കും നേട്ടമായിരുന്നത്. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് ഒരു സഖ്യകക്ഷിയെ പോലും ഈ പ്രാദേശിക മണ്ണില്‍ നിന്നും ലഭിച്ചിട്ടില്ല.

ആന്ധ്രയോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി നേതൃത്വം ബി.ജെ.പി ബന്ധം അവസാനിപ്പിച്ചത് എന്നതിനാല്‍ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ മടിയാണുള്ളത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തത് തെലുങ്കുദേശം പാര്‍ട്ടിയുടെ കഴിവു കേടാണെന്നും പവന്‍ കല്യാണ്‍ തുറന്നടിച്ചിരുന്നു. നാല് വര്‍ഷം ഒന്നും ചെയ്യാതിരുന്ന ചന്ദ്രബാബു നായിഡു അടുത്ത തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് ധര്‍മ്മ പോരാട്ടം നടത്തുകയാണെന്നാണ് താരത്തിന്റെ പരിഹാസം.

പവന്‍കല്യാണിനെ ചാക്കിടാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടിലാണ് പവന്‍. ഈ സാഹചര്യത്തില്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് നേതാവ് ജഗ് മോഹന്‍ റെഡ്ഡിയുമായി ഒരു ധാരണയിലെത്താനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ശ്രമം.

ഒരു കാലത്ത് ചുവപ്പ് രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന തെലുങ്ക് മണ്ണില്‍ പവന്‍കല്യാണിന്റെ ജനസേനയുമായി കൂട്ട് ചേര്‍ന്ന് അട്ടിമറി വിജയം സ്വന്തമാക്കാനാണ് സി.പി.എം നീക്കം.ഇരു വിഭാഗവും ഇതു സംബന്ധമായി ചര്‍ച്ചകള്‍ നടത്തി ധാരണയില്‍ എത്തിയതായാണ് ലഭിക്കുന്ന വിവരം.സി.പി.ഐയും ഈ സംവിധാനത്തോട് സഹകരിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് ആന്ധ്രയും തെലുങ്കാനയും. നിരവധി കേഡര്‍മാരും ശക്തമായ സംഘടനാ സംവിധാനവും ഇവിടെ സി.പി.എമ്മിനുണ്ട്. സംസ്ഥാനത്തെ സിപിഎം ചരിത്രം ആരംഭിക്കുന്നത് തന്നെ തെന്നാലിയില്‍ നിന്നാണ്.

WhatsApp Image 2018-08-24 at 4.43.03 PM

നിരവധി രൂക്ഷമായ സമരങ്ങള്‍ കഴിഞ്ഞ കാലയളവില്‍ തെലുങ്ക് മണ്ണില്‍ സി.പി.എം നടത്തിയിട്ടുണ്ട്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പദയാത്രയും ഇതില്‍പ്പെടും. കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ഷക സമരങ്ങളുടെ പേരില്‍ സിപിഎം സംഘടിപ്പിച്ച പദയാത്രയില്‍ വനിതകളടക്കം നിരവധി പേര്‍ പങ്കെടുത്തു. അന്ന് നടന്ന ലാത്തി ചാര്‍ജ്ജില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. റായലസീമ പ്രദേശത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സംസ്ഥാന സെക്രട്ടറി പി മധു ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം കൊടുത്തു. പവന്‍ കല്യാണും ഈ സമരത്തോടൊപ്പം ചേര്‍ന്നിരുന്നു.കര്‍ഷക പദയാത്രകളിലൂടെ മഹാരാഷ്ട്രയില്‍ കര്‍ഷക പ്രതിഷേധം അതിശക്തമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ഇത്.

ആന്ധ്രയില്‍ പൂര്‍വ്വികര്‍ നടത്തിയ സമര ചരിത്രങ്ങളുടെ തീപ്പൊരി ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന് തെളിവു കൂടിയായിരുന്നു ഈ വര്‍ഷത്തെ കര്‍ഷക സമരങ്ങള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരും കര്‍ഷക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇടത്പക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പമാണിപ്പോള്‍ പവനും കൈകോര്‍ക്കുന്നത്.

രാഷ്ട്രീയ അവബോധമുള്ള ആന്ധ്രയിലെ ജനങ്ങള്‍ അതുപോലെ തന്നെ സിനിമാ താരങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്നവരാണ്. എന്‍ടിആര്‍ ആന്ധ്രയുടെ രാഷ്ട്രീയ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയതും ഈ ആരാധനയുടെ പിന്‍ബലത്തിലായിരുന്നു.

ഈ സാധ്യതകള്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സി.പി.എം പവന്‍ കല്യാണുമായി കൂട്ടുകെട്ടുണ്ടാക്കി തെലുങ്ക് ചരിത്രം പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നത്.

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top