ഒന്നരമാസത്തെ നീണ്ടപോരാട്ടത്തിന് ശേഷം പൗളോ ഡിബാലക്ക്​ കോവിഡ്​ മുക്തി

ടൂറിന്‍: ഒന്നരമാസം നീണ്ട പോരാട്ടത്തിനൊടുവില്‍ കോവിഡ് വിമുക്തനായി യുവന്റസ് താരം പൗളോ ഡിബാല. ഈ സന്തോഷ വാര്‍ത്ത ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസാണ് പ്രസ്താവനയിലൂടെ ആദ്യം പങ്കുവെച്ചത്.

ഇരട്ട ടെസ്റ്റ് നടത്തിയ താരത്തിന്റെ ഫലം നെഗറ്റീവാണെന്നും ഡിബാല ഇനി ഐസൊലേഷനില്‍ തുടരേണ്ടതില്ലെന്നും ക്ലബ് വ്യക്തമാക്കി. തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഡിബാലയും വാര്‍ത്ത സ്ഥിരീകരിച്ചു.

ജീവിതം ദുഷ്‌കരമായ വേളയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച ഡിബാല മഹാമാരിയുടെ കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ട്വിറ്ററില്‍ കുറിച്ചു. രോഗമുക്തി നേടിയ സന്തോഷവാനായിരിക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെക്കുകയും ചെയ്തു.

മാര്‍ച്ച് പകുതിയോടടുത്ത് രോഗം സ്ഥിരീകരിച്ച ഡിബാലയുടെ പരിശോധനാ ഫലം ആഴ്ചകള്‍ക്ക് ശേഷവും പോസിറ്റീവായി തുടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഡിബാലക്കൊപ്പം രോഗം പിടിപ്പെട്ട മറ്റ് രണ്ട് യുവന്റസ് താരങ്ങളായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്‌സ് മറ്റിയൂഡിയും നേരത്തെ തന്നെ രോഗമുക്തി നേടിയിരുന്നു.

റുഗാനിക്കും മറ്റിയൂഡിക്കും രോഗലക്ഷണം കുറവായിരുന്നെങ്കിലും ഡിബാലക്ക് ശക്തമായ രോഗപീഡകള്‍ അനുഭവിക്കേണ്ടി വന്നു. ശ്വാസമെടുക്കാന് വരെ ബുദ്ധിമുട്ടിയതായും നടക്കാന്‍ ശ്രമിക്കുമ്പോള്‍ വേഗം തളര്‍ന്ന് പോയതായും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
യുവന്റസ് അടക്കമുള്ള സീരി ‘എ’ ടീമുകള്‍ ഈ ആഴ്ച വ്യക്തിപരമായി പരിശീലനം പുനരാരംഭിക്കാനിരിക്കുകയാണ്.

Top