ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുന്നതിനായി വീണ്ടും പട്ടയമേള നടത്തുമെന്ന് റവന്യൂമന്ത്രി

chandrasekharan

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഭൂരഹിതരായ മുഴുവനാളുകള്‍ക്കും ഭൂമി ലഭിക്കുന്നതിനായി ഈ വര്‍ഷം ഒടുവില്‍ വീണ്ടും ജില്ലാതല പട്ടയമേള നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍.

അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തുന്നതിന് വില്ലേജ്തല അദാലത്ത് നടത്തണം. ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും താമസിക്കുന്ന ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവര്‍ക്ക് ഭൂമി കിട്ടുമെന്ന് ഉറപ്പ് വരുത്തണം. കഴിഞ്ഞ പട്ടയമേളയ്ക്ക് ലഭിച്ച 7000 അപേക്ഷകളില്‍ 2247 അപേക്ഷകളാണ് തീര്‍പ്പാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അവശേഷിക്കുന്ന അപേക്ഷകള്‍ പുന:പരിശോധിക്കണം. അര്‍ഹതയുളള മാനുഷിക പരിഗണന അര്‍ഹിക്കുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കണം. പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ പട്ടയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അനുവദനീയമായ ഭൂമിക്ക് പട്ടയം നല്‍കുകയും കൂടുതലുളള ഭൂമിയ്ക്ക് ന്യായവില സര്‍ക്കാറിലേക്ക് ഈടാക്കി ഭൂമി നല്‍കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

മലയോര പ്രദേശങ്ങളില്‍ രണ്ട് ഏക്കറും തീരദേശങ്ങളില്‍ ഒരേക്കറും ഭൂമിക്കാണ് കൈവശാവകാശ രേഖ നല്‍കുന്നത്.
ഇതില്‍ കൂടുതല്‍ ഭൂമി കൈവശമുളളവര്‍ ന്യായവില നല്‍കി ഭൂമി സ്വന്തമാക്കണം.

ജില്ലയില്‍ ഭൂമി കയ്യേറ്റം അനുവദിക്കില്ല. ഭൂമി കയ്യേറ്റമുണ്ടായാല്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കും. 1977 ജനുവരി ഒന്നിന് മുമ്പ് വനംഭൂമിയില്‍ താമസിച്ചുവരുന്നവര്‍ക്ക് കൈവശാവകാശ രേഖ നല്‍കും. പുതിയ അപേക്ഷകര്‍ക്ക് എത്രഭൂമി നല്‍കാമെന്നതിന് മാനദണ്ഡമുണ്ടാകും.

കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയില്ല. പരാതി ലഭിച്ച ബേഡഡുക്ക, കുറ്റിക്കോല്‍, പനയാല്‍, പാടി, കാസര്‍കോട് വില്ലേജുകളില്‍ ഭൂമി കയ്യേറ്റം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഭൂരഹിതര്‍ നല്‍കിയ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി നിരസിക്കരുത്. അപേക്ഷകള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ മുമ്പാകെ സമര്‍പ്പിക്കണം. ഭൂമി കയ്യേറ്റം തടയാന്‍ ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

Top