മെസ്സ് സ്റ്റാഫിന്റെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഡിഐജിക്കെതിരെ അന്വേഷണത്തിന് നടപടി

പട്‌ന: സിആര്‍പിഎഫ് ഡിഐജി മെസ്റ്റ് സ്റ്റാഫിന്റെ മുഖത്ത് തിളച്ചവെളളം ഒഴിച്ചതായി പരാതി. ബീഹാറിലെ രാജ്ഗിറിലാണ് സംഭവം. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ മെസ് സ്റ്റാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനുവരി രണ്ടിനാണ് ഡിഐജി ഡി കെ ത്രിപാദി മെസ് സ്റ്റാഫിനോട് കുടിക്കാന്‍ ചൂടുവെളളം ആവശ്യപ്പെട്ടത്.എന്നാല്‍ സ്റ്റാഫ് തിളക്കുന്ന വെള്ളം കൊണ്ടുവന്ന് നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ചൂട് കൂടുതലുള്ള വെള്ളമായതിനാല്‍ ത്രിപാദിക്ക് കുടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കുപിതനായ ത്രിപാദി ഈ വെള്ളം സ്റ്റാഫിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സിആര്‍പിഎഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജനുവരി പത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Top