ഒഡീഷയില്‍ പുതിയ റെയില്‍വേ ലൈന്‍ പദ്ധതിക്ക് മൂന്നു മിനിറ്റില്‍ നിര്‍ദേശം നല്‍കി റെയില്‍വേ മന്ത്രി

ഭുവനേശ്വര്‍: ഒഡീഷയില്‍ പുതിയ റെയില്‍വേ ലൈന്‍ എന്ന പദ്ധതി നിര്‍ദേശം അംഗീകരിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി എടുത്തത് വെറും മൂന്നു മിനിട്ടു മാത്രം.

പുരി – കൊണാര്‍ക്ക് റെയില്‍വേ ലൈനിനെ കുറിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.05നാണ് ടൂറിസം പ്രോത്‌സാഹിപ്പിക്കുന്നതിനായി റെയില്‍വേ ലൈന്‍ കൊണ്ടുവരുന്ന പദ്ധതിയെ കുറിച്ച് നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തത്. പദ്ധതിക്ക് പകുതി ചെലവ് സംസ്ഥാനം വഹിക്കാമെന്നും ട്വീറ്റില്‍ പറഞ്ഞു.

സമയബന്ധിതമായി പണി തീര്‍ക്കുന്നതിന് പെട്ടെന്ന് തന്നെ അനുമതി നല്‍കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പട്‌നായിക് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ട്വീറ്റിട്ടു മൂന്നു മിനുട്ടായപ്പോഴേക്കും രാത്രി 10.08ന് പദ്ധതിക്ക് അനുവാദം നല്‍കുന്നതായി അറിയിച്ച് സുരേഷ് പ്രഭുവിന്റെ ട്വീറ്റും എത്തി. സംസ്ഥാനത്തോടൊപ്പം ചേര്‍ന്നുള്ള ഈ പദ്ധതിക്ക് ഏതു ദിവസം വേണമെങ്കിലും ഒപ്പുവെക്കാന്‍ തയാറാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Top