patna indore express derail in kanpur

പാട്‌ന: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളംതെറ്റി 97 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പാട്‌ന–ഇന്‍ഡോര്‍ എക്‌സ്പ്രസാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് അപകടത്തില്‍പ്പെട്ടത്.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരണസഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്.

കാണ്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് സംഭവം. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. നാലു എസി കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്നതായി റെയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. എന്നാല്‍ അപകടകാരണം വ്യക്തമായിട്ടില്ല.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

റെയില്‍വേ മന്ത്രിയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

യാത്രക്കാരുടെ വിവരങ്ങളും മറ്റും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും. ഝാന്‍സി–05101072, ഒറായി–051621072, കാണ്‍പുര്‍–05121072, പുക്രായന്‍–05113–270239.

Top