ശത്രുഘ്‌നന്‍ സിന്‍ഹയെ തഴഞ്ഞ് ബിഹാറില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് എന്‍ഡിഎ ബിഹാറിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ഇതില്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേര് പാര്‍ട്ടി ഉള്‍പ്പെടുത്തിയിട്ടില്ല. പകരം പട്‌ന സാഹിബില്‍ മത്സരിക്കുന്നത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദായിരിക്കും. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പട്‌നാ സാഹിബില്‍ നിന്നു തന്നെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബീഹാറിന്റെ ചുമതലയുളള ബിജെപി നേതാവ് ഭൂപേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, രാധാമോഹന്‍സിങ്, രാജീവ് പ്രതാപ് റൂഡി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ബിജെപി നേതാക്കള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നവാദയിലെ സിറ്റിങ് എംപിയായ ഗിരിരാജ് സിങ് ഇത്തവണ ബെഗുസരായില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

എന്‍ഡിഎ ഘടകകക്ഷി അംഗമായ ചിരാഗ് പാസ്വാന്‍ ജമൂയില്‍ നിന്ന് ജനവിധി തേടും. രാംകൃപാല്‍ യാദവ് പാടലീപുത്രയില്‍ നിന്നും ജനവിധി തേടുമ്പോള്‍ ആര്‍ കെ സിങ് , അശ്വനി ചൗഭേയ്ബക്‌സര്‍, രാധാ മോഹന്‍ സിങ് കിഴക്ക് ചമ്പാരന്‍, രാജീവ് പ്രതാപ് റൂഡി സരണ്‍ എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കും.

Top