പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം

കണ്ണൂര്‍: പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം തികയവെയാണ് ഭാഗികമായ കുറ്റപത്രം ക്രൈബ്രാഞ്ച് സമര്‍പ്പിച്ചത്. പോക്സോ വകുപ്പ് ചുമത്താതെയുള്ള കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് ജാമ്യം കിട്ടാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ കണ്ണൂരില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

Top