കാരുണ്യ ഫാര്‍മസികള്‍ കണ്ണടച്ചു; സംസ്ഥാനത്ത് ഹീമോഫീലിയയുടെ മരുന്നിന് ക്ഷാമം

കൊച്ചി: ഹിമോഫീലിയ ബാധിതരുടെ ജീവന്‍രക്ഷാ മരുന്നായ ഫാക്ടറുകള്‍ക്ക് കേരളത്തില്‍ കടുത്ത ക്ഷാമം. കാരുണ്യ ഫാര്‍മസികള്‍ കണ്ണടച്ചതോടെയാണ് കേരളത്തില്‍ ഹീമോഫീലിയ രോഗികള്‍ മരുന്നുകിട്ടാതെ ദുരിതത്തിലായത്.

കോടികള്‍ കുടിശികയായതോടെ കാരുണ്യ ഫാര്‍മസികള്‍ക്കുള്ള മരുന്നുവിതരണം കമ്പനികള്‍ നിര്‍ത്തിയതോടെയാണു പ്രതിസന്ധി. കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരുന്ന് വിതരണം ചെയ്ത വകയില്‍ മുപ്പതു കോടിയോളം രൂപയാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്നു കമ്പനികള്‍ക്കു നല്‍കാനുള്ളത്.

കാരുണ്യ പദ്ധതിയിലൂടെ ഫാക്ടറുകള്‍ സൗജന്യമായി കിട്ടി തുടങ്ങിയപ്പോള്‍ നിലച്ച വേദനയുടെ നിലവിളികള്‍ മരുന്നു കിട്ടാതായതോടെ മടങ്ങിയെത്തിയിരിക്കുകയാണ്.

ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററില്‍ മാത്രം ആറു മാസം മുതല്‍ നാല്‍പതു വയസു വരെ പ്രായമുള്ള 984 രോഗികകളാണുള്ളത്. ഇവര്‍ക്ക് നല്‍കാന്‍ ഒരു ഫാക്ടര്‍ പോലും ആശുപത്രിയില്‍ സ്റ്റോക്കില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം വരുന്ന ഹീമോഫീലിയ രോഗികളെ കണ്ടില്ലെന്നു നടിക്കുകയാണ് ധനവകുപ്പും ആരോഗ്യവകുപ്പും.

Top