Pathankott attack – sartaj aziz

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ(എന്‍ഐഎ) പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കുമെന്ന സൂചനയുമായി പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് മുന്‍പ് പറഞ്ഞത്. എന്നാല്‍ ‘മരവിപ്പിച്ച’ എന്നതിന് റദ്ദാക്കിയെന്നോ ഇനി നടക്കില്ല എന്നോ അര്‍ഥം കല്‍പ്പിക്കേണ്ടതില്ലെന്നും ഇന്ത്യ-പാക്ക് ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍താജ് അസീസ് പറഞ്ഞു.

പഠാന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ഥന നടത്തുകയും ചെയ്താല്‍ ഞങ്ങള്‍ അത് പരിഗണിക്കുമെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സര്‍താജ് പറഞ്ഞു.

പാക്കിസ്ഥാനിലേക്കുള്ള എന്‍ഐഎ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞ അസീസ്, എന്‍ഐഎ സംഘത്തിന്റെ പാക്ക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബാസിത് ഒന്നും പറഞ്ഞിരുന്നില്ലെന്നും വിശദീകരിച്ചു.

എന്‍ഐഎയുടെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് ബാസിത് പറഞ്ഞിട്ടില്ല. സഹകരണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും അസീസ് പറഞ്ഞു.

Top