Pathankot terror attack: Terrorists hid overnight in airbase shed

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണത്തിന് 24 മണിക്കൂര്‍ മുമ്പു തന്നെ ഭീകരര്‍ അകത്ത് കടന്നിരുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ അകത്തു കടന്ന ഭീകരര്‍ മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ ഉപയോഗ ശൂന്യമായ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന്, കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനെ സാധൂകരിക്കുന്ന തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് വ്യോമതാവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.

ഉപയോഗ ശൂന്യമായ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചാണ് ഭീകരര്‍ ഒളിതാവളം ഒരുക്കിയത്. സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പൊടിനിറഞ്ഞ മുറിയിലെ വസ്തുക്കള്‍ നീക്കിവച്ച ശേഷം കിടക്കാനുള്ള സ്ഥലം ക്രമീകരിച്ചതായും എന്‍ഐഎ കണ്ടെത്തി.

രാത്രിയാകുന്നത് വരെ ഭീകരര്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, സുരക്ഷാ സൈനികര്‍ ക്ഷീണിതരാവുകയും ജോലി സമയം മാറുന്ന സമയവും നോക്കി ആക്രമണം അഴിച്ചുവിട്ടെന്നാണ് എന്‍ഐഎയുടെ അനുമാനം.

മിലിട്ടറി എന്‍ജിനിയര്‍ സര്‍വീസിസിന്റെ ഗാര്‍ഡില്‍ കാവല്‍ ഇല്ലെന്നും അവിടം സൈനികര്‍ സന്ദര്‍ശിക്കാറില്ലെന്നും ഉറച്ച അറിവുള്ളതിനാലാണ് ഭീകരര്‍ ഇത്രയും നീണ്ട സമയം ധൈര്യത്തോടെ അവിടെ കഴിഞ്ഞതെന്നാണ് സൂചന. വ്യോമകേന്ദ്രത്തിലെ ഉപകരണങ്ങള്‍ ലക്ഷ്യമാക്കി പുലര്‍ച്ചെ ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുമെന്നു തോന്നിയപ്പോഴാണ് സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.

അതേസമയം, ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. ഭീകരരുമായി അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും എന്‍എഐ സംഘം പറഞ്ഞതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരില്‍ നാലു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയതെന്നും എന്‍ഐഎ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആറു ഭീകരര്‍ ആണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Top