Pathankot terror attack, Day 3: All terrorists killed;

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരര്‍ക്കെതിരെ നടത്തിയ സൈനിക നടപടി വിജയകരമായി പൂര്‍ത്തിയാക്കിയതായി സുരക്ഷാ സേന അറിയിച്ചു. വ്യോമസേന താവളത്തില്‍ ആറ് ഭീകരരെയും കൊന്നു.

മൂന്നാം ദിവസവും വ്യോമസേനാ താവളത്തില്‍ വെടിയൊച്ച കേട്ട സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ തുടര്‍ന്നത്. ഇന്നലെ നാല് ഭീകരരെ വധിച്ചിരുന്നു. വ്യോമസേന താവളത്തില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരരെ കൂടി ഇന്ന് വധിച്ചു.

വ്യോമത്താവളത്തില്‍ ആക്രമിക്കാനെത്തിയത് രണ്ട് സംഘങ്ങളെന്ന് സുരക്ഷാ സേന വ്യക്തമാക്കി. ഭീകരരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇതുവരെ ഏഴ് സൈനികരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞത്. മൂന്നുപേര്‍ ഇന്നലെയും നാലു പേര്‍ ഇന്നും ജീവത്യാഗം ചെയ്തു. മലയാളിയായ നിരഞ്ജന്‍ ഇ കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാവിലെ പുനഃരാരംഭിച്ച തെരച്ചിലിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന് ജീവന്‍ നഷ്ടമായത്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലും പാക്കിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന 13 ഭീകര സംഘടനകളുടെ കൂട്ടായ്മയാണിത്. കശ്മീരിലെ ഒരു മാധ്യമസ്ഥാപനത്തില്‍ വിളിച്ച് സംഘടന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ, പത്താന്‍കോട്ട് ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് പാക് പത്രം ഡോണും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top