Pathankot probe: Pakistan is pretending to sleep, says Manohar

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പാരിക്കര്‍. അവര്‍ ഉറക്കം നടിക്കുകയാണ്. കാര്യമായ അന്വേഷണം നടത്താന്‍ അവര്‍ തയാറാകുന്നില്ലെന്നും പാരിക്കര്‍ പറഞ്ഞു. പാക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യയിലെത്തുന്നതിന് അനുവാദം നല്‍കുന്നതും മന്ത്രി തള്ളിക്കളഞ്ഞു.

ആരെങ്കിലും ഉറക്കം നടിച്ചാല്‍ അത് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത്. ഇന്ത്യ നല്‍കിയ മൊബൈല്‍ നമ്പറുകളും വിവരങ്ങളും അവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അവ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അത് കണ്ടുപിടിക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തില്‍ അവര്‍ക്കുള്ള പങ്ക് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇന്ത്യ കൈമാറാറുണ്ട്. അവര്‍ അത് ഗൗരവമായി എടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നു. വ്യോമസേനാ താവളത്തിനുള്ളില്‍ പ്രവേശിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം പാക്കിസ്ഥാന്‍ നടത്തിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും ഇതിനുള്ളില്‍ പ്രവേശിക്കാനാകില്ലെന്നും പാരിക്കര്‍ പറഞ്ഞു.

Top