സംശയാസ്പദമായി ആളുകളെ കണ്ടതിനെ തുടര്‍ന്നു പത്താന്‍കോട്ട് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം

ഛണ്ഡീഗഡ്: സംശയകരമായി ആളുകളെ കണ്ടതിനെ തുടര്‍ന്നു പത്താന്‍കോട്ടും ഗുരുദാസ്പൂരിലും പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം.

ബുധനാഴ്ച ആറ് പേരെയാണ് സംശയാസ്പദമായി പത്താന്‍കോട്ടും ഗുരുദാസ്പൂരിലും കണ്ടത്. പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. തിരച്ചില്‍ പുരോഗമിച്ചു വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച ഗുരുദാസ്പൂരില്‍ അജ്ഞാതരായ കുറച്ചു പേര്‍ പൊലീസ് ബാരികേടുകള്‍ തകര്‍ത്ത് കാറില്‍ പോയതായി വിവരം ലഭിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

പാക്കിസ്ഥാനുമായി അന്താരാഷ്ട്ര അതിര്‍ത്തി പങ്കിട്ടുന്ന ജില്ലകളാണ് പത്താന്‍കോട്ടും ഗുരുദാസ്പൂരും. പാക്കിസ്ഥാന്‍ പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷാ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top