പത്താന്‍കോട്ട്: ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിന്റെ സൂചനകള്‍. രാവിലെ 7.55ഓടെയാണ് വ്യോമസേന താവളത്തില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വലിയ തോതില്‍ വെടിവയ്പ്പുണ്ടായി. വ്യോമസേന ഹെലികോപ്റ്ററുകള്‍ നിരീക്ഷണം തുടരുകയാണ്.
ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. മലയാളിയായ നിരഞ്ജന്‍ കുമാറുള്‍പ്പെടെ ഏഴ് സൈനികരും മരിച്ചു. അതേ സമയം രണ്ട് ഭീകരര്‍ ഇപ്പോഴും വ്യോമസേന താവളത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് തുടരുന്നത്. മുഴുവന്‍ ഭീകരരേയും വധിച്ചു എന്ന് കരുതുമ്പോഴാണ് ഇന്ന് രാവിലെ വീണ്ടും സ്‌ഫോടനവും വെടിവയ്പ്പും ഉണ്ടായിരിയ്ക്കുന്നത്.
ഇതിനിടെ ആക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധമന്ത്രാലയം മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. സൈനിക വേഷത്തില്‍ താവളത്തിനുള്ളില്‍ പ്രവേശിച്ച ഭീകരരില്‍ നാലുപേരെ ആദ്യദിനം തന്നെ വധിച്ചിരുന്നു.


