Pathankot JeM Handler Shahid Latif Was Freed by UPA Govt in 2010

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസഹായി അബ്ദുല്‍ ലത്തീഫ് 2010ല്‍ ഇന്ത്യ വിട്ടയച്ച ഭീകരനാണെന്നു റിപ്പോര്‍ട്ട്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ലത്തീഫ് ഉള്‍പ്പെടെ 25 ഭീകരരെ ഇന്ത്യ വിട്ടയച്ചതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അന്നു അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാരാണ് ലത്തീഫ് ഉള്‍പ്പെടെയുള്ള 25 ഭീകരരെ വിട്ടയയ്ക്കാന്‍ തീരുമാനമെടുത്തത്.

ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ജയ്‌ഷെ മുഹമ്മദ് എന്നിവയില്‍പ്പെട്ടവരായിരുന്നു ഇവര്‍. ജമ്മു, ശ്രീനഗര്‍, ആഗ്ര, വാരണാസി, നൈനി, തിഹാര്‍ എന്നീ ജയിലുകളിലായിട്ടാണ് ഭീകരരെ പാര്‍പ്പിച്ചിരുന്നത്. 2010 മേയ് എട്ടിന് വാഗ അതിര്‍ത്തി വഴിയാണ് ഇവരെ പാക്കിസ്ഥാനിലേക്ക് വിട്ടയച്ചത്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ 11 വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിയുകയായിരുന്നു ലത്തീഫ്.

അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്തും ലത്തീഫിനെ മോചിപ്പിക്കണമെന്നുള്ള ആവശ്യം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നു അദ്ദേഹം അതിനു തയാറായില്ല. തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലത്തീഫിനെ മോചിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇന്ത്യയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കുന്നത് ലത്തീഫെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം.

Top