Pathankot attack: Pak team finds no evidence against JeM chief Azhar

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് പഠാന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാന്‍ തള്ളി. പഠാന്‍കോട്ട് നടന്ന ആക്രമണത്തില്‍ മസൂദ് അസറിനെതിരെ തെളിവില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് സൈനികമേധാവികളടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ മസൂദ് അസറിനെയും സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറിനെയും അറസ്റ്റ് ചെയ്ത വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തതിനെത്തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയും മാറ്റിവെക്കുകയായിരുന്നു.

പഠാന്‍കോട്ട് ആക്രമണത്തിന് അന്വേഷണത്തിന് എല്ലാവിധ പിന്തുണയുമുള്ളതായി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ജനവരി രണ്ടിന് പഠാന്‍കോട്ട് നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു.

അതേസമയം തിങ്കളാഴ്ചയാണ് മസൂദ് അസറിന് പഠാന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പാകിസ്ഥാനിലെ പ്രത്യേക അന്വേഷണസംഘം അറിയിച്ചത്.

Top