Pathankot attack: One more terrorist killed, operations continue

പഞ്ചാബ്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ സുരക്ഷാ സേന ഇന്നും തെരച്ചില്‍ തുടരും. ആക്രമണത്തില്‍ 5 ഭീകരര്‍ മരിച്ചതായാണ് സുരക്ഷ സനേ സ്ഥിരീകരിച്ചത്. ആറമത്തെ ഭീകരനും മരിച്ചതായി സൂചനകളുണ്ടെങ്കിലും മൃതദേഹം കിട്ടുന്നത് വരെ ഒന്നും പറയാന്‍ ആവില്ലെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് വ്യക്തമാക്കി.

മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിനു ശേഷവും എല്ലാ ഭീകരരെയും വധിച്ചോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. താവളത്തിനകത്തു രണ്ടു ഭീകരരെ കൂടി കണ്ടുവെന്നു സൂചനയുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് അനൗദ്യോഗിക വിവരം.

ഇതിനിടെ ഭീകരരെ പാകിസ്ഥാന്‍ കേന്ദ്രമായുള്ള സംഘടനകളാണ് അയച്ചതെന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഇവരുടെ ടെലിഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പാകിസ്ഥാന് കൈമാറിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ച് വരികയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ചര്‍ച്ചകളുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാരംഭിച്ച സൈനികനടപടി 65 മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പില്ലെന്ന് സ്ഥിരീകരിച്ച ശേഷമേ സൈനിക നടപടികള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കൂവെന്ന് എന്‍.എസ്.ജി ഐ.ജി. മേജര്‍ ജനറല്‍ ദുഷന്ത് സിങ് വ്യക്തമാക്കി.

വ്യോമകേന്ദ്രത്തിലെ സൈനികര്‍ താമസിക്കുന്ന ഇരുനിലക്കെട്ടിടങ്ങളിലൊന്നില്‍ ഒളിച്ച ഭീകരരെ വധിക്കാന്‍ എന്‍.എസ്.ജി.കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരാളെ ചിന്നിച്ചിതറിയ നിലയിലും ഒരാളെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും കണ്ടെത്തിയതായി പറയുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രണ്ടായിരം ഏക്കറിലേറെ പരന്നുകിടക്കുന്ന താവളത്തില്‍ ഒട്ടേറെ സൈനിക കുടുംബങ്ങളും വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയ ആസ്തികളും ഉണ്ട്. ഇവയുടെ സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കുന്നതുകൊണ്ടാണ് സൈനികനടപടി നീളുന്നതെന്നാണ് വിശദീകരണം.

Top