ന്യൂഡല്‍ഹി: പത്താന്‍കോട്ടെ ഭീകരാക്രമണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ-പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഈ മാസം 15നാണ് ചര്‍ച്ച നടക്കാനിരുന്നത്. എന്നാല്‍, പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച റദ്ദാക്കിയതായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരു ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, ഇക്കാര്യം വിദേശകാര്യ മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായെങ്കിലും ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് മാറ്റമില്ലെന്ന് പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വെള്ളിയാഴ്ച പാക് പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു.
ചര്‍ച്ച റദ്ദാക്കുകയോ, മാറ്റി വയ്ക്കുകയോ ചെയ്താല്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ് പാകിസ്ഥാന്‍. ചര്‍ച്ചകള്‍ക്കായി രണ്ടു മാസമായി പാകിസ്ഥാന്‍ തയ്യാറെടുത്ത് വരികയായിരുന്നു. പലപ്പോഴും ചര്‍ച്ച റദ്ദാക്കുന്നതിന് ഒരേ കാര്യങ്ങളാണ് ഇന്ത്യ പറയുന്നതെന്നും ഇനിയെങ്കിലും ചര്‍ച്ചകളുടെ കാര്യത്തില്‍ സമഗ്രമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഭീകരത എന്ന വിഷയം മാത്രമല്ല മറ്റെല്ലാ പ്രശ്‌നങ്ങളും സംബന്ധിച്ച സമഗ്രമായ ചര്‍ച്ചയാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ള ചട്ടക്കൂടാണ് ഇന്ത്യ ഒരുക്കേണ്ടതെന്നും പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.


