പത്തനംതിട്ട ലക്ഷ്യമിട്ട്‌ ബിജെപി: മാവേലിക്കര പ്രവര്‍ത്തകരും സുരേന്ദ്രന് പിന്നാലെ

ചെങ്ങന്നൂര്‍ : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് മാവേലിക്കര മണ്ഡലത്തിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോയതില്‍ അതൃപ്തി രേഖപ്പടുത്തി ബിഡിജെഎസ്. ഇതോടെ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ പ്രചാരണം അവതാളത്തിലായിരിക്കുകയാണ്.

വീറും വാശിയുമേറിയ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മണ്ഡലമാണ് പത്തനംതിട്ട. ചെങ്ങന്നൂര്‍, ചങ്ങനാശേരി, കൊട്ടാരക്കര, മാവേലിക്കര പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍പേരെ പത്തനംതിട്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയോഗിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുയാണ് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ശബരിമല വിഷയം മുഖ്യ പ്രചാരണായുധമാക്കനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കെ സുരേന്ദ്രന് നല്‍കുന്ന ഓരോ വോട്ടും ശബരിമല ചവിട്ടുന്നതിന് തുല്യമാണെന്നുവരെ പ്രചാരണമുണ്ട്.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തഴവ സഹദേവനാണ്. പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിന് പോയിട്ടുണ്ടെന്ന് മണ്ഡലം ചുമതലയുള്ള ബിഡിജെഎസ് നേതാവ് തന്നെ തുറന്ന് സമ്മതിക്കുമ്പോള്‍ തഴവ സഹദേവന്റെ പ്രചരണം ബിഡിജെഎസിന്റെ മാത്രം തലയിലായിരിക്കുകയാണ്.

കഴിഞ്ഞതവണ ബിജെപി 80,000ത്തോളം വോട്ടുപിടിച്ച സീറ്റാണ് ബിഡിജെഎസിന് കൈമാറിയത്. ബിഡിജെഎസിന് മാവേലിക്കര സീറ്റ് കൈമാറിയത് യുഡിഎഫ്-ബിജെപി രഹസ്യധാരണയുടെ ഭാഗമാണെന്ന് തുടക്കംമുതല്‍ എല്‍ഡിഎഫ് ആരേപണം ഉന്നയിക്കുന്നുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രചാരണം മുന്നോട്ടുപോകുന്നതും.

ബിഡിജെഎസിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ ബിജെപിയും ആര്‍എസ്എസും സഹായിക്കുമെന്ന ഉറപ്പിലാണ് തഴവ സഹദേവന്‍ സ്ഥാനാര്‍ഥിയായത്. എന്നാല്‍ ആളും അനക്കവുമില്ലാതെ തഴവയുടെ പര്യടനത്തിന് ഇതുവരെ മണ്ഡലത്തിലെങ്ങും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മാവേലിക്കരയിലെ പ്രചാരണത്തിന്റെ ആദ്യഘട്ടം പോലും വൈകിയിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നപ്പോഴാണ് തഴവ സഹദേവന്‍ മണ്ഡലത്തില്‍ ഇറങ്ങുന്നത് തന്നെ.

പ്രളയത്തില്‍ പോലും തിരിഞ്ഞുനോക്കാത്തതിലും മണ്ഡലത്തില്‍ വികസനം കൊണ്ടുവരാത്തതിലും നിലവിലെ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ഇതൊന്നും ആയുധമാക്കാതെയാണ് എന്‍ഡിഎയുടെ പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനുവേണ്ടിയുള്ള കോണ്‍ഗ്രസ്- ബിജെപി ധാരണയാണിതിന് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇതൊന്നും പരസ്യമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നിലവില്‍ ബിഡിജെഎസ് നേതൃത്വം.

അതേസമയം, 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി സുധീറിന് ലഭിച്ച 79,743 വോട്ട് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനം പോലും എങ്ങും നടക്കുന്നുമില്ല. ഇതോടെ വെട്ടിലായിരിക്കുന്നത്‌ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാണ്.

Top