തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുത്തവന് പത്തനംതിട്ട പൊലീസിന്റെ ഒത്താശ !

പത്തനംതിട്ട : തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പരാതിക്കാരനോട് സിവില്‍ കേസിനു പോകാന്‍ പത്തനംതിട്ട പൊലീസ്. പത്തനംതിട്ട എസ്.പി പമ്പാ സി ഐക്ക് അന്വേഷിക്കാന്‍ നല്‍കിയ പരാതിയാണ് (No 92/ TDR/PBA/2021) അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

കൊച്ചി സ്വദേശിയായ സുരേന്ദ്രന്‍ മാനേജിംങ്ങ് പാര്‍ട്ണറായ എസ്.എസ്.എ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലെ ഡയറക്ടറായിരുന്ന സുരേഷ് എം.എസ്. എന്ന വ്യക്തി പണം തട്ടിയെടുത്തതായ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാതെ പമ്പാ സി.ഐ മടക്കിയിരിക്കുന്നത്.

എതിർ കക്ഷിയുമായുള്ള കോൺട്രാക്ട് വയലേഷൻ ആയതിനാൽ ARBITRATI0N നടത്തി പരിഹരിക്കാവുന്നതാണെന്നും അതല്ലങ്കിൽ സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നുമാണ് സി.ഐ റിപ്പോർട്ടിൽ പറയുന്നത്. പണം തട്ടിയെടുത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സി.ഐ യെ ഈ റിപ്പോർട്ടിന്റെ മാത്രം പശ്ചാത്തലത്തിൽ സസ്പെന്റ് ചെയ്യുകയാണ് പൊലീസ് ഉന്നതർ ചെയ്യേണ്ടത്.

ശബരിമലയിലേക്കുള്ള ഗ്യാസ് വിതരണത്തിലൂടെ ദേവസ്വം ബോര്‍ഡില്‍ നിന്നും കടകളില്‍ നിന്നും കിട്ടേണ്ടിയിരുന്ന മൂന്നു കോടിയിലധികം രൂപ സുരേന്ദ്രനറിയാതെ സുരേഷും അദ്ദേഹത്തിന്റെ പിതാവും ‘എസ്.എ ‘ എന്ന മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവമാണ് പമ്പ സി-ഐ ഒതുക്കി തീര്‍ത്തിരിക്കുന്നത്. എസ്.എസ്.എ എന്റര്‍പ്രൈസസിനോട് സാമ്യമുള്ള എസ്.എ എന്റര്‍പ്രൈസസ് എന്ന അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഇത് ദേവസ്വം ഉദ്യോഗസ്ഥരുടെ അനുമതിയോടെ അല്ലാതെ നടക്കാനും സാധ്യത ഇല്ല. അതല്ലങ്കില്‍ അവരും കബളിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ‘തിരിമറിയുമായി ‘ ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഇപ്പോഴും പുറത്തു വരുന്ന സാഹചര്യത്തില്‍ ഇതേ കുറിച്ച് വിശദമായ അന്വേഷണമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതു സംബന്ധമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എസ്.എസ്.എ എന്റര്‍പ്രൈസസ് എം.ഡി നല്‍കിയ പരാതിയില്‍ അവര്‍ അന്വേഷണം നടത്തി സംഭവം നടന്നത് ശബരിമലയിലായതിനാല്‍ തുടരന്വേഷണത്തിന് പത്തനംതിട്ട എസ്.പി ഓഫീസിലേക്ക് അയക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് എസ്.പിയാണ് ഈ പരാതി പമ്പ സി.ഐക്ക് കൈമാറിയിരുന്നത്. മൊഴിയെടുക്കാന്‍ വിളിപ്പിച്ച സി.ഐ പിന്നീട് ഒത്തു തീര്‍പ്പിനാണ് ശ്രമിച്ചിരുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

അദ്ദേഹത്തെ വിളിച്ചു വരുത്തുമ്പോള്‍ പ്രതിസ്ഥാനത്തുള്ള സുരേഷും പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സുരേഷും സി.ഐയും തമ്മിലുള്ള ധാരണ പ്രകാരമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എസ്.പിക്ക് നല്‍കിയ റിപ്പോർട്ട് എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

‘ദേവസ്വം ബോര്‍ഡില്‍ നിന്നും സുരേന്ദ്രന്‍ മാനേജിംങ്ങ് പാട്ണറായ എസ്.എസ്.എ എന്റര്‍പ്രൈസസിലേക്ക് കിട്ടേണ്ട പണം സുരേഷ് എസ്.എ എന്റര്‍പ്രൈസസ് എന്ന അവന്റെ അക്കൗണ്ട് വഴി മാറ്റി എടുത്തിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ തന്നെ ഇത് സിവില്‍ കേസാണെന്ന വിചിത്ര വാദമാണ് സി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കെ.പി.എം.ജി എന്ന കമ്പനിക്കാണ് ഗ്യാസ് ടെണ്ടര്‍ നല്‍കിയതെന്ന കാര്യം ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ ദേവസ്വം ബോര്‍ഡിന് ഗ്യാസിന്റെ നടത്തിപ്പ് തുക നല്‍കിയത് സുരേന്ദ്രന്റെ എസ്.എസ്.എ എന്റര്‍പ്രൈസസ് ആണെന്നും സമ്മതിച്ചിട്ടുണ്ട്.

തട്ടിപ്പ് നടത്തണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ സുരേന്ദ്രന്‍ എം.ഡിയായ എസ്.എസ്.എ കമ്പനിയോട് സാമ്യമുള്ള പേരില്‍ കമ്പനി ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്ത സംഭവമാണ് ഒത്തു തീര്‍പ്പാക്കാനും സിവില്‍ സ്വഭാവമുള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത്തരം ഒരു റിപ്പോര്‍ട്ട് നല്‍കിയ സി.ഐക്കും തട്ടിപ്പ് നടത്തിയവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് എസ്.എസ്.എ എം.ഡി തന്നെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

 

Top