രോഗലക്ഷണം കാണിക്കാത്ത വിദ്യാര്‍ത്ഥിക്ക് കൊവിഡ്; ആശങ്കയോടെ പത്തനംതിട്ട

പന്തളം: നിരീക്ഷണ കാലാവധി അവസാനിച്ചിട്ടും രോഗ ലക്ഷണം കാണിക്കാത്ത വിദ്യാര്‍ത്ഥിനിക്കാണ് പത്തനംതിട്ടയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രകടമായ ലക്ഷണങ്ങളില്ലാതിരുന്ന വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മംഗള എക്സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കഴിഞ്ഞ മാസം 15നാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത് ഡല്‍ഹി മെട്രോയില്‍. എറണാകുളം ജംഗ്ഷനില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി ഓട്ടോറിക്ഷയില്‍ ആണ് നോര്‍ത്ത് സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്ന് ശബരി എക്സ്പ്രസ്സില്‍ ചെങ്ങന്നൂരിലും തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ പന്തളത്തെ വീട്ടിലും എത്തി.

ഇതിനിടെ എടിഎമ്മിലും റെയില്‍വേ വേസ്റ്റഷനു സമീപത്തെ ഹോട്ടലിലും കയറിയിരുന്നു. പ്രകടമായ രോഗലക്ഷണമില്ലാതിരുന്നിട്ടും ഡല്‍ഹിയില്‍ നിന്ന് വന്നതുകൊണ്ടാണ് സ്രവ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതോടൊപ്പം മാര്‍ച്ച് 13 മുതല്‍ 20 വരെ സംസ്ഥാനത്തേക്ക് വന്നിട്ടുള്ള മുഴുവന്‍ ട്രെയിനുകളിലെയും യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 1191 പേരാണ് ജില്ലയിലുള്ളത്. വിദ്യാര്‍ത്ഥിനിക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത ഇല്ല. ട്രെയിനില്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയവരും ഉണ്ടായിരുന്നു. ജില്ലയില്‍ റാപ്പിഡ് ടെസ്റ്റ് വേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

Top