അഞ്ച് ദിവസം കൊണ്ട് 500 കോടി നേടി ‘പഠാന്‍’

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്.

പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്നതും കൌതുകകരമാണ്. റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുന്നുണ്ട്.

ഇപ്പോള്‍ അഞ്ച് ദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി എന്ന റെക്കോഡാണ് ഇപ്പോള്‍ പഠാന്‍ ഇട്ടിരിക്കുന്നത്.

റിലീസായി ആദ്യ ഞായറാഴ്ച ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും പഠാന്‍ നേടിയത് 60 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇതുവരെയുള്ള കളക്ഷന്‍ നോക്കിയാല്‍ അഞ്ച് ദിവസത്തില്‍ 545 കോടി രൂപ പഠാന്‍ കളക്ട് ചെയ്തുവെന്നാണ് വിവരം. ഇതുവരെ പഠാന്‍ ഇന്ത്യയില്‍ കളക്ട് ചെയ്തത് 335 കോടി രൂപയാണ്. വിദേശ ബോക്സ്ഓഫീസില്‍ നിന്നും നേടിയത് 207 കോടിയാണ്.

അടുത്ത ദിവസങ്ങളില്‍ ഈ പ്രകടനം തുടര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ പണം ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും കളക്ട് ചെയ്ത ബോളിവുഡ് ചിത്രം എന്ന റെക്കോഡും പഠാന്‍ തകര്‍ത്തേക്കും. നിലവില്‍ ആമിര്‍ഖാന്റെ ദംഗല്‍ ആണ് ഈ നേട്ടത്തില്‍ 387 കോടിയാണ് ദംഗലിന്റെ നേട്ടം.

ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരിക്കുകയാണ് പഠാന്‍ എന്നാണ് വിവരം. അഞ്ചില്‍ നാല് ദിവസവും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 50 കോടിയിലേറെയാണ് പഠാന്‍ കളക്ട് ചെയ്തത്. നോർത്ത് അമേരിക്ക ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷന്‍ നേടിയ 5 ചിത്രങ്ങളില്‍ ഇപ്പോള്‍ പഠാന്‍ ഇടം നേടിയിട്ടുണ്ട്. 695 സ്‌ക്രീനുകളിൽ നിന്ന് 5.9 മില്യൺ ഡോളറുമായി പത്താൻ നോർത്ത് അമേരിക്കയില്‍ നിന്നും നേടിയത്.

Top