ബോക്സ് ഓഫീസിൽ 1000 കോടി കളക്ഷന് തൊട്ട് അടുത്ത് എത്തി പഠാന്‍

മുംബൈ: ഒരിടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാൻ ആഘോഷമാക്കുകയാണ് സിനിമാസ്വാദകർ. ഭാഷാഭേദമെന്യെ പ്രേക്ഷകരും ആരാധകരും പഠാൻ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഷാരൂഖ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാൻ സ്വന്തമാക്കി കഴിഞ്ഞത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള ബോക്സ് ഓഫീസ് കളക്ഷനാണ് പുറത്തുവരുന്നത്.

ചിത്രം റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ട ഫെബ്രുവരി 19 ഞായറാഴ്ചവരെ 996 കോടിയാണ് ആ​ഗോള തലത്തിൽ ഇതുവരെ പഠാൻ നേടിയിരിക്കുന്നത്. മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുമാത്രം 621 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 45.72 മില്യൺ ആണ്. അതായത് 375 കോടി. ഈ ആഴ്ചയിലെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചിത്രം 1000 കോടി തൊടുമെന്ന് ഉറപ്പാണ്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് പഠാന്‍.

അതേ സമയം ഉത്തരേന്ത്യയില്‍ പ്രമുഖ തീയറ്ററുടമകള്‍ പഠാന്‍ സിനിമയുടെ ടിക്കറ്റ് നിരക്ക് കുറച്ചു. പത്താൻ ബോക്‌സ് ഓഫീസിൽ 900 കോടിയിലധികം കളക്ഷൻ നേടിയതിന് ശേഷം, ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 23 വരെ “പത്താൻ വീക്ക്” ആയി ആചരിക്കാൻ തീയേറ്റർ ഉടമകൾ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ കുറവ് വരുത്തിയത്. പഠാന്‍ വീക്ക് ആഘോഷിക്കുന്ന തിയേറ്ററുകളിൽ പഠാന്റെ എല്ലാ ടിക്കറ്റുകൾക്കും 110 രൂപയായിരിക്കും നല്‍കേണ്ടി വരിക

“2023 യാഷ് രാജ് ഫിലിംസിന് മാത്രമല്ല. വിതരണക്കാര്‍ക്കും, തീയറ്റര്‍ ഉടമകള്‍ക്കും മികച്ച തുടക്കമാണ് നല്‍കിയത്. റിലീസ് ചെയ്തതുമുതൽ ആഗോളതലത്തിൽ പ്രേക്ഷകര്‍ ഈ ചിത്രം ഏറ്റെടുത്തു. ഈ സിനിമയുടെ വിജയം ആഘോഷിക്കാൻ എല്ലാ മുൻനിര മൾട്ടിപ്ലക്‌സ് ശൃംഖലകളും ഒത്തുചേരുന്നു എന്നത് ഹിന്ദി ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് മനോഹരമാണ്” – യാഷ് രാജ് ഫിലിംസ് വിതരണ വിഭാഗം മേധാവി രോഹിത്ത് മല്‍ഹോത്ര പിങ്ക് വില്ലയോട് പ്രതികരിച്ചു.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രമാണ് പഠാൻ. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൽമാൻ ഖാനും പഠാനിൽ അതിഥി വേഷത്തിൽ എത്തി. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Top