ആദ്യ ദിനത്തിൽ കെജിഎഫിനെ മറികടന്ന് പഠാൻ; ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

നാല് വർഷത്തിന് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം പഠാന് ഉ​ഗ്രൻ വരവേൽപ്പ്. പോസിറ്റീവ് റിവ്യൂസുമായി മുന്നേറുന്ന ചിത്രം പുതു ഉണർവാണ് ബോളിവുഡിന് നൽകിയത്. ഷാരൂഖിനൊപ്പം ജോൺ എബ്രഹാമും ദീപികയും സൽമാൻ ഖാനും തകർത്തഭിനയിച്ച ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടും പുറത്തുവരികയാണ്. പാൻ ഇന്ത്യൻ ഹിറ്റ് ചിത്രമായ കന്നഡ സിനിമ കെജിഎഫ്-2 ന്റെ കളക്ഷൻ റെക്കോർഡും തകർത്തുവെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നു. ബോക്‌സ് ഓഫീസ് റിപ്പോർട്ടുകൾ അനുസരിച്ച് പഠാന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യദിവസം ഏകദേശം 55 കോടി രൂപയാണ് കളക്ട് ചെയ്തത്.

2019ൽ പുറത്തിറങ്ങിയ വാർ 52 കോടിയും കെജിഎഫ് 2 (ഹിന്ദി) പതിപ്പ് 54 കോടിയും നേടിയിരുന്നു. പ്രവൃത്തി ദിനമായിട്ട് പോലും എക്കാലത്തെയും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്.

അതേസമയം, പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 100 കോടിയിലധികം രൂപയാണ് പഠാൻ ആദ്യദിനം നേടിയതെന്നാണ് സിനിമാ ട്രാക്കേഴ്‍സായ ഫോറം കേരളം ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിവസം 1.91 ഗ്രോസ് കളക്ഷൻ നേടിയെന്നും ഇവർ പറയുന്നു. ഇന്ത്യയിൽ മാത്രം 67 കോടിയും ലോകമെമ്പാടുമായി 100 കോടി നേടിയെന്നും വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ, മൊത്തം 55 കോടിയലിധികം ആദ്യ ദിനം കളക്ഷൻ ആണ് ചിത്രം നേടിയതെന്നും റിപ്പബ്ലിക് ദിന അവധിയായതിനാൽ ഇന്നത്തെ കളക്ഷനും കൂട്ടി ചിത്രം 100 കോടി പിന്നിടുമെന്നാണ് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്. പഠാൻ 100 കോടി നേടിയെന്നാണ് പിങ്ക് വില്ലയും റിപ്പോർട്ട് ചെയ്യുന്നത്.

Top