ഉരുക്കു മനുഷ്യന്റെ പ്രതിമയിലെ രാഷ്ട്രീയം മനസ്സിലാകാതെ കോണ്‍ഗ്രസ്സ് നേതൃത്വം…..

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ രാഷ്ട്രീയത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്സ് നേതൃത്വം. ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന പേരില്‍ നര്‍മ്മദാ തടത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ബിജെപി നീക്കത്തെ ഇനി എങ്ങനെ മറികടക്കാമെന്നുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.

നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ച പട്ടേല്‍ അവഗണിക്കപ്പെട്ടെന്ന് ബിജെപി പ്രചരിച്ചപ്പോള്‍ മുതല്‍ ഗുജറാത്തിലെ പട്ടേല്‍ വോട്ട് ബാങ്ക് കോണ്‍ഗ്രസ്സിനെ കൈവെടിയുകയായിരുന്നു. ഒടുവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതോടെ കോണ്‍ഗ്രസ്സിന്റെ സ്വന്തം സര്‍ദാര്‍ പട്ടേല്‍ അവരുടെ രാഷ്ട്രീയത്തില്‍ നിന്ന് ഏറെ അകലയായി. നെഹ്റു കുടുംബത്തിന് പുറത്തുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി വൈകാരികമായി ഉപയോഗിച്ചാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കിയത്.

ഒക്ടോബര്‍ 31ന് കോണ്‍ഗ്രസ്സ് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടേലിനെ അനുസ്മരിച്ച് റണ്‍ ഫോര്‍ യൂണിറ്റി ആഹ്വാനം ചെയ്തു. ഇങ്ങനെ വളരെ ആസൂത്രിതമായാണ് പ്രധാനമന്ത്രി പ്രതിമയുടെ രാഷ്ട്രീയം പയറ്റിയത്. ഗുജറാത്തിനപ്പുറത്തേക്ക് സര്‍ദാര്‍ പട്ടേലിനെ എത്തിച്ച പ്രധാനമന്ത്രി പ്രതിമയ്ക്കപ്പുറം പട്ടേലിനെ വികാരമെന്ന നിലയില്‍ മാറ്റാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

modi rahul1246

എന്നാല്‍, ഈ നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ബിജെപി അവരുടെ രാഷ്ട്രീയത്തിനായി രാജ്യത്തിന്റെ ഉരുക്കു മനുഷ്യനെ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് ചെറുക്കാനാവാതെ പോയതിന് ഒരു ഘടകം സ്വാതന്ത്ര്യ സമര ചരിത്രം എല്ലാം തങ്ങളുടെ കുത്തകയാണെന്ന് കരുതിയത് കൊണ്ട് മാത്രമാണെന്നാണ് കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കള്‍ പോലും ഇപ്പോള്‍ ചൂണ്ടികാണിക്കുന്നത്.

പട്ടേല്‍ സമുദായത്തിനുമപ്പുറം റണ്‍ ഫോര്‍ യൂണിറ്റി പരിപാടിയില്‍ വിവിധ മേഖലയില്‍ സ്വാധീനം ചെലുത്തുന്നവരെ സമൂഹ മധ്യത്തില്‍ ബിജെപി അണിനിരത്തിയിരുന്നു. രാഷ്ട്രീയം, സിനിമാ, കായികം, സാംസ്‌കാരികം, തുടങ്ങിയ വ്യത്യസ്ത മേഖലകളിലുളളവര്‍ ഇതിനായി ബിജെപിയ്ക്കൊപ്പം അണിചേരുകയും ചെയ്തു. ഇങ്ങനെ തന്ത്രപരമായ നീക്കത്തിലൂടെ ആണ് കോണ്‍ഗ്രസ്സിന്റെ എണ്ണം പറഞ്ഞ നേതാക്കളിലൊരാളെ ബിജെപി കവര്‍ന്നെടുത്തത്.

എന്നാല്‍ ഇതിനെ ചെറുക്കാനാകാത്തിടത്താണ് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടത്. അതേസമയം, ആര്‍എസ്എസിനോട് പലവിഷയത്തിലും കടുത്ത എതിര്‍പ്പുണ്ടായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്ന് മോദിയിലൂടെ, പ്രതിമയുടെ രൂപത്തില്‍ ബിജെപിയുടെ പ്രചരണ ആയുധമായെങ്കില്‍ കോണ്‍ഗ്രസ്സിന്റെ വലിയ വീഴ്ച്ചയെന്ന വിമര്‍ശനം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ തന്നെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വീണ്ടും ആക്കം കൂട്ടി കഴിഞ്ഞു.

Top