അയോദ്ധ്യയില്‍ 151 മീറ്റര്‍ ഉയരമുള്ള രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബിജെപി

ലക്നൗ: പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സരയൂ തീരത്ത് 151 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതി യോഗി സര്‍ക്കാര്‍ 2017 ല്‍ തന്നെ ആവിഷ്‌ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ദീപാവലി നാളില്‍ പ്രതിമ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

സരയൂ നദിക്കരയില്‍ നിന്ന് 36 മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330 കോടിരൂപ ചിലവ് വരും. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതിനിടെ, ദീപാവലി ദിനത്തില്‍ അയോദ്ധ്യയില്‍ ലക്ഷം ചിരാതുകള്‍ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സര്‍ക്കാര്‍. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ദക്ഷിണ കൊറിയന്‍ പ്രഥമ വനിത പരിപാടികളില്‍ മുഖ്യ അതിഥിയായെത്തും.

ആഘോഷങ്ങള്‍ സമാധാന പൂര്‍ണ്ണമായിരിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മജിസ്ട്രേട്ടുമാര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. സ്ഥലത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ കേന്ദ്രങ്ങള്‍, അഗ്നിശമനസേനാ വിഭാഗങ്ങള്‍, ആശുപത്രികള്‍, കുടിവെള്ള വിതരണ വിഭാഗം എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസത്തെ ദീപാവലി ആഘോഷമാണ് അയോദ്ധ്യയില്‍ ഉണ്ടായിരുന്നത്.രാമ, ലക്ഷ്മണ, സീത വേഷധാരികളെ ഹെലികോപ്റ്ററിലാണ് അന്ന് അയോദ്ധ്യയിലെത്തിച്ചത്. ഒരു ലക്ഷം ദീപങ്ങളാണ് കഴിഞ്ഞ തവണ അയോദ്ധ്യയില്‍ തെളിഞ്ഞത്.

ഇത്തവണ ആഘോഷ പരിപാടികള്‍ നടത്തുന്നതിനായുള്ള പ്രൊഫഷണല്‍ ഏജന്‍സി നേരത്തെ തന്നെ യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുകയും, പരിപാടികളുടെ അവതരണരേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. പ്രശസ്തമായ സംഘങ്ങളുടെ രാമലീല അവതരണം, ഭജന എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

Top