നിയമാനുസൃതമായേ പാടുള്ളൂ; കൊറോണിലുമായി ബാബാ രാംദേവ്, നല്ലകാര്യമെന്ന് ആയുഷ് മന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പതഞ്ജലി മരുന്ന് കണ്ടെത്തിയത് നല്ലകാര്യമാണെന്നും എന്നാല്‍ നിയമാനുസൃതമായി മാത്രമേ കമ്പനിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ആയുഷ് മന്ത്രി ശ്രീപദ് നായിക്.

യോഗ ഗുരു രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനി കോവിഡിനെതിരെ മരുന്ന് വികസിപ്പിച്ചതായി അവകാശവാദമുന്നയിക്കുകയും സര്‍ക്കാര്‍ ഇതില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

ബാബാ രാംദേവ് രാജ്യത്തിനായി പുതിയൊരു മരുന്ന് കണ്ടെത്തിയത് നല്ലൊരു കാര്യമാണ്. എന്നാല്‍ നിയമപ്രകാരമേ അതിന് കഴിയൂ. ആദ്യം വിഷയം ആയുഷ് മന്ത്രാലയത്തിനു മുന്നിലാണ് എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദീകരണം ലഭിച്ച ശേഷം മാത്രമേ മരുന്ന് വില്‍ക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

ഏഴു ദിവസംകൊണ്ട് കോവിഡ് പൂര്‍ണമായും ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്നാണ് പതഞ്ജലി അവകാശവാദമുന്നയിച്ചിരുന്നത്. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്.

‘കൊറോണില്‍ ആന്‍ഡ് സ്വാസരി’ എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്.

അതേസമയം, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ നല്‍ കണമെന്നാണ് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടു.

മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡിനെതിരേ ലോകത്ത് ഇതുവരെ മരുന്നു വികസിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകളില്ല. വാക്‌സിനുകള്‍ പോലും പരീക്ഷണഘട്ടത്തിലാണ്. ലോകാരോഗ്യസംഘടനയും അത്തരം വാദങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്. അതിനിടയിലാണ് പതഞ്ജലിയുടെ ഈ പുതിയ ആയുര്‍വേദ മരുന്ന്.

Top