തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞ് പതഞ്ജലി

ഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞ് പതഞ്ജലി. മാപ്പപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് ബോധപൂര്‍വ്വമല്ല. അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണം എന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവര്‍ത്തിയ്ക്കില്ലന്നും അറിയിച്ചു.പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാല്‍ കൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

Top