പത്തനംതിട്ടയില്‍ കണ്ണന്താനം; പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി ഘടകം ലോക്സഭാ തെരഞ്ഞെടുപ്പിനായി കേന്ദ്രനേതൃത്വത്തിന് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നല്‍കി. പത്തനംതിട്ടയിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് പാര്‍ട്ടി സാധ്യതാ പട്ടികയില്‍ പരിഗണിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹം കണ്ണന്താനം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. കൂടാതെ കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്.

അതേസമയം പാര്‍ട്ടി നല്‍കിയ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടി പട്ടിക പൂര്‍ത്തീകരിച്ചതിന് ശേഷമായിരുന്നു ടോം വടക്കന്‍ ബിജെപിയിലേക്ക് ചാടിയത്. അതിനാലാവാം പട്ടികയില്‍ ടോം വടക്കനെ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇതുവരെ അവസാനിച്ചിട്ടില്ല. തൃശ്ശൂരിലോ പത്തനംതിട്ടയിലോ സീറ്റ് ലഭിച്ചല്‍ മാത്രമേ മത്സരിക്കൂ എന്ന നിലപാടിലാണ് കെ. സുരേന്ദ്രന്‍.

അതുപോലെ പാലക്കാട് സീറ്റിലും അനിശ്ചിതത്വം തുടരുകയാണ്. സി കൃഷ്ണകുമാറോ ശോഭാ സുരേന്ദ്രനോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോഴിക്കോട് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ചത് എം.ടി രമേശിനെയാണ്. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കാനാണ് രമേശ് താല്‍പര്യപ്പെടുന്നത്. കോഴിക്കോട് സീറ്റിലേക്ക് കെ.പി. ശ്രീശന്റെ പേരും പറയുന്നുണ്ട്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, കൊല്ലം- ആനന്ദബോസ്, മാവേലിക്കര- പി.എം. വേലായുധന്‍, ആറ്റിങ്ങല്‍- പി.കെ കൃഷ്ണദാസ്, കണ്ണൂര്‍- സി.കെ. പത്മനാഭന്‍ തുടങ്ങിയവരുടേതാണ് പുറത്തുവന്ന പേരുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരുകയാണ്

Top