ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പില്‍ പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് നായകനാകും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പില്‍ പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് നായകനാകും. സമൂഹമാധ്യമങ്ങളില്‍ ടീം അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ അയ്ഡാന്‍ മാക്രത്തിന് പകരക്കാനായാണ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് നായകനാകുന്നത്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിന്‍സിന് ഗുണമായത്.

ഇത്തവണത്തെ ലേലത്തില്‍ 20.50 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഒപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡും ടീമിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹൈദരാബാദിന്റെ ഐപിഎല്‍ ടീം.

2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ സണ്‍റൈസേഴ്‌സ് ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുണ്ട്. പിന്നീടുള്ള സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തിയില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഓറഞ്ച് ആര്‍മിയുടെ പ്രകടനം മോശമായി. കഴിഞ്ഞ സീസണില്‍ അയ്ഡാന്‍ മാക്രം നയിച്ച സണ്‍റൈസേഴ്‌സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Top