ഏകദിന ക്യാപ്റ്റന്‍: ആരോണ്‍ ഫിഞ്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഏകദിന ടീമിന്‍റെയും നായകനായി ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ആരോൺ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പാണ് കമ്മിൻസിന് മുന്നിലെ ആദ്യ വെല്ലുവിളി. 29കാരനായ പാറ്റ് കമ്മിൻസ് ഓസ്ട്രേലിയൻ ഏകദിന ടീമിന്‍റെ 27ാമത് നായകനാണ്.

ഓസീസ് ഏകദിന ടീമിന്‍റെ നായകനാവുന്ന ആദ്യ പേസ് ബൗളറും കമ്മിൻസാണ്. ക്യാപ്റ്റന്‍ സ്ഥാനം വലിയ അംഗീകാരമാണെന്ന് കമ്മിൻസ് പറഞ്ഞു. ഒരു വ‌ർഷം മുൻപാണ് കമ്മിൻസ് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായത്. ലോകകപ്പിന് മുൻപ് 14 ഏകദിന മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കുക. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പേരുകളും ഓസീസ് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്ക് നേരിട്ട ഡേവിഡ് വാർണര്‍ക്കായി നിയമഭേദഗതി വരുത്തി വാര്‍ണറെ ഏകദിന ക്യാപ്റ്റനാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ണറെ നേരിട്ട് ക്യാപ്പ്റ്റനാക്കുന്നതിന് പകരം കമ്മിന്‍സിന് കീഴില്‍ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

മോശം ഫോമിനെത്തുടര്‍ന്ന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരമിച്ചെങ്കിലും ഫിഞ്ച് തന്നെയാണ് ടി20 ലോകകപ്പില്‍ ഓസീസിനെ നയിക്കുന്നത്. ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ഫിഞ്ച് സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പുതിയൊരാളെ ഓസീസിന് കണ്ടെത്തേണ്ടിവരും. ടി20 ക്യാപ്റ്റന്‍സി ഏറ്റെടുക്കാനില്ലെന്ന് കമ്മിന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. മിച്ചല്‍ മാര്‍ഷാണ് പിന്നീട് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള മറ്റൊരു താരം.

Top