പാസ്‌പോര്‍ട്ട് നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്.

വിദ്യാഭ്യാസ യോഗ്യത കുറവുള്ളവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്ന വിധത്തിലുള്ളതാണ് പുതിയ മാറ്റമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശികളായ ഷംസുദ്ദീന്‍, ഷാജഹാന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി.

വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക ശേഷിയും കുറഞ്ഞവര്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്നതും അവരെ രണ്ടാംകിട പൗരന്‍മാരായി പരിഗണിക്കുന്നതുമാണ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്ന നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറവും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ, പാസ്‌പോര്‍ട്ട് ഉടമയുടെ മേല്‍വിലാസവും എമിഗ്രേഷന്‍ സ്റ്റാറ്റസും പാസ്‌പോര്‍ട്ടിന്റെ അവസാനപേജില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുകളൊഴികെ ബാക്കിയെല്ലാത്തിനും കടുംനീല പുറംചട്ടയാണുള്ളത്.

Top